കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നൽകുന്നില്ല; കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നൽകുന്നില്ലെന്ന ആരോപണവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാഹചര്യം തുടരുകയാണെങ്കിൽ അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കെ.റെയിൽ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

വളരെ മിനിമം നികുതി മാത്രമുള്ള സംസ്ഥാനമാണ് കേരളം. നമുക്ക് തരേണ്ട പണം തരാതിരിക്കുന്ന സ്ഥിതിയിൽ അടുത്ത വർഷം നമുക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോയെന്നാണ് മാദ്ധ്യമങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എന്നാൽ, കെ.എസ്.ആർ.ടി.സി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഡിസംബർ മാസവുമായി താരതമ്യം ചെയ്താൽ ഏതാണ്ട് 38 രൂപയോളം അധികമാണ് ഒരു ലിറ്റർ ഇന്ധനത്തിന് ചിലവ് വരുന്നത്. 40 കോടിയോളം രൂപയുടെ അധിക ചിലവാണ് കെ.എസ്.ആർ.ടി.ക്ക് വരുന്നത്. ഇങ്ങനെ വരുമ്പോൾ ചിലവ് കുറയ്ക്കാനുള്ള മാർഗം കണ്ടത്തേണ്ടി വരും. അങ്ങനെയുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെ.എസ്.ആർ.ടി.സി പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.