സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടു; വിമർശനവുമായി പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ട്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ടിൽ പാർട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനം. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനും ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധ. പാർലമെന്ററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

വർഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തൽ നടത്താൻ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നൽകിയത്. വലിയ ഉത്തരവാദിത്വമാണ് വിജയം പാർട്ടിയ്ക്ക് നൽകിയത്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണം. . ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐഎസ്എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.