മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സ്വകാര്യ നിമിഷങ്ങള്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച് നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതി നിലവിലുണ്ട്. ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാധിക്കും.
മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

