ന്യൂഡൽഹി: അപ്രായോഗികമായ ജനകീയ പദ്ധതികൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില തകർക്കുന്നുവെന്ന് നിരീക്ഷണവുമായി ഉദ്യോഗസ്ഥർ. സംസ്ഥാനങ്ങളിൽ ഉന്നത ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗംചേർന്നിരുന്നു. ഈ യോഗത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. സൗജന്യത്തിന്റെ പേരിലുള്ള ധൂർത്ത് തുടർന്നാൽ നമുക്ക് ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
പഞ്ചാബ്, ഡൽഹി, തെലങ്കാന, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. പല രാഷ്ട്രീയ പാർട്ടികളും സൗജന്യ വൈദ്യുതിയും, കിറ്റുമെല്ലാം വാഗ്ദാനം ചെയ്യുന്നു. ഖജനാവിൽ നിന്നാണ് ഇതിനെല്ലാം പണം എടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനുളള പണം എടുത്താണ് ഇത്തരം സൗജന്യങ്ങൾ നൽകി വോട്ട് നേടുന്നതെന്നും അതിനാൽ ഈ വിഭാഗത്തെ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അവർ കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്നില്ലെങ്കിൽ എന്നോ തകർന്നുപോയേനെയെന്നും സെക്രട്ടറിമാർ ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതൊന്നും ഔദ്യേഗികമായി തീരുമാനിക്കുന്നതല്ല. ഇത്തരത്തിലുള്ള സൗജന്യം കൊടുക്കലുകൾ സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാരിനെയും കടക്കെണിയിലാക്കുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. രാജ്യം കടത്തിൽ പെട്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങൾ ഇത്തരം സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

