ഗൂഢാലോചന കേസ്: ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകള്‍

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളെന്ന് കണ്ടെത്തല്‍. ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളും, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തത്. ദുബായ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തിയടക്കം നിരവധി ദുബായ് നമ്പറുകള്‍ ഈ കുട്ടത്തിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ 12 മൊബൈല്‍ ഫോണ്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂര്‍ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തതെന്നാണ് ദിലീപിന്റെ വാദം.

അതേസമയം, ഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ കേസില്‍ ഇതുവരെ ലഭ്യമായ മുഴുവന്‍ തെളിവുകളും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.