വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റ് അവശ്യ സാധനങ്ങളുടേയും വില വർദ്ധന തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യൽ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും. വ്യാപാരി സംഘടനകളുടെ ജില്ലാതല യോഗം ചേരുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള കൂടിയാലോചന നടത്താനും മന്ത്രി നിർദേശിച്ചു.

ഹോട്ടൽ ഭക്ഷണ വില നിയന്ത്രണത്തിന് പുതിയ ബില്ലിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുടമക്കാണെന്നും പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. ചിത്തരഞ്ജന്റെ പരാതി കളക്ടർ പരിശോധിക്കുകയാണ്. വിഷു, ഈസ്റ്റർ, പെരുന്നാൾ സീസണിൽ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. വിലക്കയറ്റം ചർച്ചചെയ്യുന്നതിനായി ജില്ലാ കളക്ടർമാരുടേയും, സിവിൽ സപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗം മന്ത്രി വിളിച്ചു ചേർത്തു. തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിനും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു, സിവിൽ സപ്ലൈസ് കമ്മീഷണർ ഡി. സജിത് ബാബു, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.