ക്രിമിനൽ നടപടി ബിൽ പാസാക്കി ലോക്‌സഭ; എതിർപ്പുമായി പ്രതിപക്ഷം

ന്യൂഡൽഹി: ക്രിമിനൽ നടപടി ബിൽ 2022 പാസാക്കി ലോക്‌സഭ. നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അക്രമികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശം ഉണ്ട്. ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുൻപോട്ട് നയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കും. സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ് ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല്. അതിനാവശ്യമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു. കുറ്റവാളികളുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കും. ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ബില്ലിലൂടെ തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും. ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിപുലമായ ചർച്ച നടത്തിയിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, ബില്ലിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് ജനവിരുദ്ധമാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.