തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ് ഗതാഗത വകുപ്പ്. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമുള്ള തീരുമാനമാണ് ഗതാഗത വകുപ്പ് പിൻവലിച്ചത്. ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്‌പോർട്ട് വകുപ്പ് കമ്മീഷണറുമായും ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
അതേസമയം, വിദ്യാർത്ഥികളുടെ കൺസഷൻ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാൻ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി – സിഫ്റ്റിന്റെ ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

