കെ വി തോമസിന് സുസ്വാഗതം; സെമിനാറിലേക്ക് വരുന്നവരോട് നല്ല നിലയിൽ സഹകരിക്കുമെന്ന് കോടിയേരി

മട്ടന്നൂർ: പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിലേക്ക് കോൺഗ്രസ് നേതാവ് കെ വി തോമസിന് സുസ്വാഗതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ വി തോമസ് സെമിനാറിന് വരുമെന്നോ വരില്ലെന്നോ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പങ്കെടുക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതായാണ് വാർത്ത. സെമിനാറിലേക്ക് ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ വന്നാൽ അവരെ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.

കെ വി തോമസ് സെമിനാറിൽ പങ്കെടുക്കാൻ എത്തിയാൽ സുസ്വാഗതമായിരിക്കും നൽകുക. വരുന്നവരോട് നല്ല നിലയിൽ സഹകരിക്കും. വരാൻ തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് വരികയാണെങ്കിൽ അതിന് വലിയ പ്രത്യേകതയുണ്ട്. അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. കെ വി തോമസ് കേന്ദ്രമന്ത്രിയായിരുന്നു. കെ റെയിൽ അടക്കം പല പ്രശ്നങ്ങളിലും അദ്ദേഹം ശരിയായ നിലപാട് എടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സെമിനാറിൽ പങ്കെടുക്കുന്നതിന് ശശി തരൂരിനും കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ച് ബിജെപിയെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിനെതിരായ വിമർശനമായിരിക്കും സെമിനാറിലെ ചർച്ചയിൽ ഉയരുന്നത്. അപ്പോൾ ബിജെപിക്കെതിരായ സംസാരിക്കേണ്ടിവരും. അതിന് കോൺഗ്രസ് നേതാക്കൾക്ക് സ്വാതന്ത്ര്യമില്ല. അവരുടെ വായ് മൂടിക്കെട്ടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന് ഒരുകാര്യത്തിലും ഏകീകൃത അഭിപ്രായമോ കൃത്യമായ നിലപാടോയില്ല. കേന്ദ്രീകൃത നേതൃത്വമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. അഞ്ചുപേർ കൂടിയാൽ ആറ് ഗ്രൂപ്പാണ്. നാലുപേർ പ്രതികരിച്ചാൽ അഞ്ച് അഭിപ്രായമാകുമെന്നും അദ്ദേഹം പരിഹസിച്ചു. കെ വി തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും കോടിയേരി മറുപടി നൽകി. ഈ വിഷയം അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണെന്നും ഇപ്പോൾ സെമിനാറിലേക്കാണ് ക്ഷണിച്ചിട്ടുള്ളതെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.