കോട്ടയം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഇടുന്നതിനായി എംസി റോഡ്, കെ.കെ റോഡ്, കോട്ടയം കുമരകം റോഡ് എന്നിവടങ്ങളിലായി മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ച 8 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്നലെ മുതല്‍ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവ രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കും. ക്യാമറകള്‍ക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. കെല്‍ട്രോണ്‍ നേരിട്ട് സ്ഥാപിച്ചതാണ് ഈ ക്യാമറകള്‍. പിഴയായി ലഭിക്കുന്ന പണം നിശ്ചിത വര്‍ഷം കെല്‍ട്രോണിന് ലഭിക്കും.
ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങള്‍ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങള്‍ വര്‍ധിച്ചതായും ബോധ്യപ്പെട്ടാല്‍ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്നങ്ങള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാര്‍ഡ് ഉപയോഗിച്ചാണ് ക്യാമറകള്‍ ഇന്റര്‍നെറ്റ് വഴി ദൃശ്യങ്ങള്‍ അയയ്ക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ കോട്ടയം തെള്ളകത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസിലേക്ക് അയയ്ക്കും. ഇവിടെ നിന്നു തപാല്‍ വഴി നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പിഴ അടയ്ക്കം.
ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( 4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നില്‍ക്കുന്ന വിധം കയറ്റിയാല്‍ 20000 രൂപ എന്നിങ്ങനെയാണ് പിഴ നിരക്കുകള്‍. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മോട്ടര്‍ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും.

