നടിയെ ആക്രമിച്ച കേസ്; ബി രാമൻപിള്ളയ്‌ക്കെതിരെ ബാർ കൗൺസിൽ വീണ്ടും പരാതി നൽകി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ വീണ്ടും പരാതി നൽകി അതിജീവിത. നേരത്തെ, നൽകിയ പരാതിയിൽ പിഴവ് ഉണ്ടായിരുന്നതിനാൽ ഇത് തിരുത്തിയാണ് അതിജീവിത ബാർ കൗൺസിലിൽ പുതിയ അപേക്ഷ സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയ്‌ക്കെതിരെ അതിജീവിത പരാതിയിൽ നടപടി ആവശ്യപ്പെടുന്നു. പുതിയ പരാതിയിൽ ബാർ കൗൺസിൽ തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. പരാതിയിൽ ഉടൻ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ അറിയിച്ചു.

നേരത്തെ നടി നൽകിയ പരാതി ബാർ കൗൺസിൽ മടക്കി അയച്ചിരുന്നു. ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടിയാണ് ബാർ കൗൺസിൽ പരാതി നൽകിയത്. അതേസമയം, വധഗൂഢാലോചന കേസിൽ ശരത് അടക്കമുള്ളവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണ സംഘം കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി.