ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്‌സാപ്പില്‍ എങ്ങനെ മെസേജ് അയക്കാം?

താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പില്‍ ഒരാള്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ അയാളുടെ നമ്പര്‍ നമ്മുടെ ഫോണില്‍ സേവ് ചെയ്യണം. പരിചയമില്ലാത്ത ഒരാള്‍ക്ക് വാട്‌സാപ്പിലൂടെ ഫോട്ടോയോ ഫയലോ കൈമാറണമെങ്കിലും അയാളുടെ നമ്പര്‍ സേവ് ചെയ്യാതെ അയക്കാനാവില്ല. അങ്ങനെ സേവ് ചെയ്യുന്ന നമ്പറുകള്‍ നമ്മള്‍ പിന്നീട് ഡിലീറ്റ് ചെയ്യാറുമില്ല. എന്നാല്‍, ഇത് ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നു വരാം. നമ്മുടെ കുടുംബത്തിന്റെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോട്ടോയോ വീഡിയോയോ സ്റ്റാറ്റസ് ആക്കുന്ന സമയത്ത് പരിചയമില്ലാത്ത ഇത്തരക്കാര്‍ക്കും അത് കാണാനാകും. ഇവരില്‍ പ്രശ്‌നക്കാരുണ്ടെങ്കില്‍ ആ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

അത്തരം നമ്പറുകള്‍ പിന്നീട് ഓര്‍ത്തു വെച്ച് ഡിലീറ്റ് ചെയ്യുന്ന കാര്യമോര്‍ത്ത് ഇനി പേടിക്കേണ്ട. ഒരാളുടെ നമ്പര്‍ സേവ് ചെയ്യാതെ തന്നെ അയാള്‍ക്ക് വാട്‌സാപ്പ് വഴി ഫയലുകളയക്കാന്‍ സാധിക്കുന്ന ഒരു എളുപ്പ വഴിയുണ്ട്. എന്നാല്‍, വാട്‌സാപ്പില്‍ ഇതിനായുള്ള സെറ്റിംഗ്‌സ് ഒന്നുമില്ല. ഇതിനായി വാട്‌സാപ്പിന്റെ തന്നെ ഔദ്യോഗികമായ ഒരു ലിങ്ക് നിലവിലുണ്ട്. ഇതുവഴി എങ്ങനെയാണ് നമ്പര്‍ സേവ് ചെയ്യാതെ ഒരാള്‍ക്ക് മെസേജ് അയക്കുന്നതെന്ന് നോക്കാം.

ആദ്യമായി നിങ്ങളുടെ വെബ് ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക. മിക്ക ആള്‍ക്കാരും ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. അതിനു ശേഷം സെര്‍ച്ച് ചെയ്യാനുള്ള ഭാഗത്ത് https://wa.me/phonenumber എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ ഫോണ്‍ നമ്പറിന്റെ സ്ഥാനത്ത് ഏത് വ്യക്തിക്കാണോ ഫയല്‍ കൈമാറേണ്ടത് അയാളുടെ വാട്‌സാപ്പ് നമ്പര്‍ ആണ് കൊടുക്കേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു പച്ച ബോക്‌സ് തെളിയും. അതില്‍ കണ്ടിന്യു ടു ചാറ്റ് എന്ന ഓപ്ഷന്‍ കാണാനാകും. അതില്‍ ടച്ച് ചെയ്താല്‍ നിങ്ങളുടെ സ്‌ക്രീനില്‍ ആ വ്യക്തിയുമായുള്ള ചാറ്റ് ബോക്‌സ് തുറക്കും. ഇവിടെ നിങ്ങള്‍ക്ക് അയാളുടെ നമ്പരിലേക്ക് ഫയലോ ടെക്‌സ്റ്റോ ഒക്കെ അയക്കാവുന്നതാണ്.