സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതി നൽകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്

തിരുവനന്തപുരം: സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതി നൽകില്ലെന്ന് ഹൈക്കമാൻഡ്. മുൻ നിലപാടിൽ മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയത്. കെ. വി തോമസ് കെപിസിസിയുടെ നിർദേശം പാലിക്കണമെന്ന നിർദ്ദേശവും ഹൈക്കമാൻഡ് നൽകി.

സെമിനാറിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും നനേരത്തെ കെ വി തോമസ് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണെന്നും സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അദ്ദേഹം നിലപാട് അറിയിച്ചു. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയത്.

കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതി ചോദിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചതിനാണ് കെ വി തോമസിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചത്.

കെ വി തോമസ് അന്തസോടെ പാർട്ടിയിൽ നിൽക്കണമെന്നും ഇല്ലെങ്കിൽ പുറത്തു പോകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സിപിഎം പരിപാടിയിൽ പങ്കെടുത്തേ മതിയാകൂ എന്ന വാശി എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിൽ നിന്നും നേടാവുന്നതെല്ലാം കെ വി തോമസ് നേടിയിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.