പ്രതിരോധം ശക്തമാക്കാന്‍ 500 കിലോ ജിപി ബോംബ് വ്യോമസേനക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി കമരിയ എന്ന പ്രതിരോധ ആയുധ നിര്‍മ്മാണ യൂണിറ്റില്‍ നിര്‍മ്മിച്ച 500 കിലോ ജിപി ബോംബ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. രാജ്യത്ത് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ബോംബ് എന്ന സവിശേഷത ഇതിനുണ്ട്.

നിരവധി പ്രതിരോധ സ്ഥാപനങ്ങളിലെ വിദഗ്ദര്‍ ചേര്‍ന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ബോംബ് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിപി ബോംബ് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കുമെന്നും, ബോംബിന്റെ ആദ്യ കണ്‍സൈന്‍മെന്റ് വ്യോമസേനയ്ക്ക് കൈമാറിയതായും ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ എസ്‌കെ സിന്‍ഹ അറിയിച്ചു.

1943 ല്‍ സ്ഥാപിതമായ ഫാക്ടറി രണ്ടാം ലോക മഹായുദ്ധക്കാലത്ത് യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ബോംബ് വിതരണം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, 1962 ലെ ചൈനീസ് യുദ്ധത്തിലും 1965 ലും 1971ലും നടന്ന പാക്കിസ്താന്‍ യുദ്ധത്തിലും സായുധ സേനയ്ക്ക് വ്യത്യസ്ത തരം വെടിമരുന്ന് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ ഫാക്ടറി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.