ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി; വിമർശനവുമായി സിപിഎം സംഘടനാ റിപ്പോർട്ട്

കണ്ണൂർ: ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയ്ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കി. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐഎസ്എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് പകരം മറ്റ് പാർട്ടികളെ എതിർത്തു. പാർട്ടി ക്ലാസുകളിൽ ആർഎസ്എസിനെക്കുറിച്ച് പഠനം നിർബന്ധമാക്കണമെന്നും പുതിയ സിസി തെറ്റുതിരുത്തൽ രേഖ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സിപിഎം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ടിൽ പാർട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കുമെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനും ഇടതുജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കുന്നതിനും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധ. പാർലമെന്ററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.