തൃശൂര്‍ പൂരത്തിന് അനുമതി; എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടെയും നടത്താന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടെയും പൂരം നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

റവന്യൂ മന്ത്രി കെ. രാജന്‍, പി ബാലചന്ദ്രന്‍ എം എല്‍ എ, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി എ അക്ബര്‍, കളക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.