ചരക്കു കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി ഇന്ത്യ; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചരക്കു കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി ഇന്ത്യ. സാമ്പത്തിക വർഷം രാജ്യം ലക്ഷ്യമിട്ട 400 ബില്യൺ ഡോളർ എന്ന ചരക്കുകയറ്റുമതി ലക്ഷ്യം രാജ്യം മറികടന്നു. രാജ്യത്തെ ചരക്കു കയറ്റുമതി 418 ബില്യൺ യുഎസ് ഡോളർ (31,76,611 കോടി) കടന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം ചരക്കു കയറ്റുമതി നടക്കുന്നത്. ഓരോ മണിക്കൂറിലും 46 മില്ല്യൺ യുഎസ് ഡോളറിന്റെ ശരാശരി കയറ്റുമതി ഈ കാലയളവിൽ നടന്നു.

മെയ് മാസം 33 ബില്ല്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്നുള്ള ചരക്ക് കയറ്റുമതി 292 ബില്ല്യൺ യുഎസ് ഡോളറിന്റേതായിരുന്നു. 37 ശതമാനം വളർച്ചയാണ് ചരക്ക് കയറ്റുമതിയിൽ രാജ്യം ഈ കാലയളവിൽ കൈവരിച്ചത്. നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ തുടങ്ങിയവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും, ജില്ലകൾ കേന്ദ്രീകരിച്ചും കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ സാക്ഷാത്കാരമാണ് ഈ നേട്ടം. കയറ്റുമതി രംഗത്തെ പ്രമോട്ടർമാരെയും ഉത്പാദകരെയും ഒരേ രീതിയിൽ കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളും വിജയിച്ചതിന്റെ തെളിവാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.