മൊബൈല്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളിലൂടെ വേഗത്തില്‍ ലഭിക്കുമെന്ന് കരുതി ഒന്നും നോക്കാതെ വായ്പ എടുക്കരുത്. നിരവധി ചതിക്കുഴികള്‍ ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുകയോ വായ്പ എടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തൊക്കെയാണ് നോക്കാം…
വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഏതു സ്ഥാപനത്തില്‍ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കണം. മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം ചെയ്യാന്‍ ആര്‍ബിഐയുടെ അംഗീകാരം ആവശ്യമാണ്.
പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റ് ഫീസുകള്‍ ഈടാക്കുന്നതും ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പരാതിപ്പെടാം.
ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കരുത്. ഏത് ബാങ്കാണ് അല്ലെങ്കില്‍ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കണം.
ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എത്ര വരുമെന്ന് മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റ് ഫീസുകളും എത്രയാണെന്ന് തിരിച്ചറിയണം.
വായ്പാ കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗത വിവരങ്ങള്‍ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പാക്കണം.
വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധിച്ച് ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്ബത്തിക സ്വഭാവവും അവലോകനം ചെയ്താണ് ആപ്പുകള്‍ വായ്പ അനുവദിക്കുന്നത്. നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളാണ് ഇതിനായി ഇത്തരം ഇടപാടുകാര്‍ ഉപയോഗപ്പെടുത്തുന്നത്.

