ഡൽഹിയിൽ ഇനി മുതൽ ഒരൊറ്റ മുൻസിപ്പൽ കോർപ്പറേഷൻ; ബിൽ പാസാക്കി പാർലമെന്റ്

ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളേയും ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കാനുള്ള ബിൽ പാസാക്കി പാർലമെന്റ്. ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. മാർച്ച് 30 നാണ് ലോകസഭ ബിൽ പാസാക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെയ്ക്കുന്നതോടെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ലയനം പ്രാബല്യത്തിൽ വരും. ഡൽഹി ഈസ്റ്റ്, നോർത്ത്, സൗത്ത് മുൻസിപ്പൽ കോർപ്പറേഷനുകളാണ് ഏകീകരിക്കുക.

അതേസമയം, ബില്ലിനെതിരെ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും ആംആദ്മി പാർട്ടിയും രംഗത്തെത്തി. പിടിച്ചടക്കാനുള്ള മോദി സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ലയനമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ വിമർശനം. ഭരണം സുഗമമാക്കാനും ചെലവ് കുറക്കാനുമാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

ബിജെപിക്ക് അധികാരത്തോട് ആർത്തിയെന്ന് പറയുന്നവർ സ്വന്തം കണ്ണാടി നോക്കണമെന്ന് അമിത് ഷാ വിമർശനങ്ങൾക്ക് മറുപടിയായി രാജ്യസഭയിൽ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോൺഗ്രസാണ്. എല്ലാ ജനാധിപത്യ അവകാശങ്ങളും അവർ അന്ന് കവർന്നെടുത്തു. പ്രതിപക്ഷത്തെ അഴിക്കുള്ളിലാക്കി, മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കി. അവരാണ് ഇന്ന് ജനാധിപത്യത്തിനു വേണ്ടി കരയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.