തിരുവനന്തപുരം: കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതി ചോദിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചതിനാണ് കെ വി തോമസിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചത്.
കെ വി തോമസ് അന്തസോടെ പാർട്ടിയിൽ നിൽക്കണമെന്നും ഇല്ലെങ്കിൽ പുറത്തു പോകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സിപിഎം പരിപാടിയിൽ പങ്കെടുത്തേ മതിയാകൂ എന്ന വാശി എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിൽ നിന്നും നേടാവുന്നതെല്ലാം കെ വി തോമസ് നേടിയിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
അതേസമയം, സോണിയക്ക് കത്തയച്ച കാര്യം കെ വി തോമസും സ്ഥിരീകരിച്ചിരുന്നു. സിപിഎം ചടങ്ങിൽ പോകുന്നതിന് കെപിസിസിയുടെ അനുമതിയാണോ വേണ്ടതെന്ന് എ ഐ സി സിയാണ് പറയേണ്ടതെന്നും കെപിസിസി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

