ന്യൂഡൽഹി: രാജ്യസഭയിലും കോൺഗ്രസ് അപ്രസക്തമാകുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 17 മേഖലകളിൽ നിന്ന് കോൺഗ്രസിന് രാജ്യസഭയിൽ പ്രതിനിധികളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളിൽ സ്വാധീനം നഷ്ടപ്പെട്ട് തീർത്തും ദുർബലരാകുന്ന അവസ്ഥയിലാണ് കോൺഗ്രസിപ്പോൾ.
ആദ്യമായാണ് കോൺഗ്രസ് ഇത്രയും മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്നത്. മാർച്ച് മാസം നാല് പ്രതിനിധികളാണ് രാജ്യസഭയിൽ നിന്നും വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒരാളെ മാത്രമാണ് രാജ്യസഭയിലേക്ക് കോൺഗ്രസിന് എത്തിക്കാൻ കഴിഞ്ഞത്. നിലവിൽ 30 പേരാണ് കോൺഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂൺ ജൂലായ് മാസങ്ങളിൽ 9 പേർ കൂടി വിരമിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ അംഗസംഖ്യ കുറയും.
ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡൽഹി, ഗോവ സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ലാതാവുക. വരുന്ന രണ്ട് വർഷത്തിനിടെ രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നിന്ന് 5 പേർ വീതവും ഛത്തീസ്ഗഡിൽ നിന്ന് 4 പേരും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 3 പേരെയും പശ്ചിമ ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ വീതവുമാണ് കോൺഗ്രസിന് പരമാവധി രാജ്യസഭയിൽ എത്തിക്കാൻ കഴിയുക. കേരളം, ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് ഒരോ പ്രതിനിധികളെ കൂടി രാജ്യസഭയിലേക്ക് എത്തിക്കാൻ കഴിഞ്ഞേക്കും.

