ഐപിഎല്‍: ചെന്നൈ വീണു; ഇത്തവണ തോറ്റത് പഞ്ചാബിനോട്‌

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരകയറാനാവാതെ ജഡേജയും ടീമും. പഞ്ചാബ് കിംഗ്സിനോട് 54 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം. ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവും രാഹുല്‍ ചഹാറിന്റെ മൂന്ന് വിക്കറ്റ് നേട്ടവുമാണ് ചെന്നൈയെ തകര്‍ത്തെറിഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 18 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 30 പന്തില്‍ 57 റണ്‍സ് എടുത്ത ശിവം ദുബെ മാത്രമാണ് ചെന്നൈ നിരയില്‍ പൊരുതിയത്. ചെന്നൈക്കായി എംഎസ് ധോണി 28 പന്തില്‍ 23 റണ്‍സ് നേടി. ഏഴ് പേരാണ് ചെന്നൈ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. അതില്‍ ചെന്നൈ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും മൊയീന്‍ അലിയും ഡ്വെയ്ന്‍ ബ്രാവോയും റണ്‍സ് ഒന്നുമെടുക്കാതെയായിരുന്നു പുറത്തായത്. പഞ്ചാബ് ബോളിംഗ് നിരയില്‍ വൈഭവ് അറോറയും ലിയാം ലിവിംഗ്സ്റ്റണും രണ്ട് വിക്കറ്റ് വീതം നേടി.

സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടുമായിരുന്നു ചെന്നൈയുടെ തോല്‍വി. മഹേന്ദ്ര സിങ് ധോണി സ്ഥാനമൊഴിഞ്ഞതോടെ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ചെന്നൈ സുപ്പര്‍ കിങ്സ് ഈ സീസണില്‍ ഇറങ്ങിയത്.