പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് (77)അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ് .
കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ് തങ്കരാജ്.
പ്രേം നസീര്‍ നായകനായി എത്തിയ ‘ആനപ്പാച്ചന്‍’ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്. ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യന്‍’, തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് അഭിനയിച്ചു. ശേഷം കൈനകരി തങ്കരാജ് കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു. ഫാസില്‍, നെടുമുടി വേണു, അലപ്പി അഷ്‌റഫ് തുടങ്ങിയവര്‍ക്കൊപ്പം മത്സര നാടകങ്ങള്‍ ചെയ്തു. എന്നാല്‍, ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി. ‘അണ്ണന്‍ തമ്പി’യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയത് ‘ഈ മ യൗ’ എന്ന ചിത്രത്തിലും വേഷമിട്ടു. കൈനകരി തങ്കരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ളവര്‍ രംഗത്ത് എത്തി.

