വികസന പദ്ധതികളിൽ നാടിന്റെ പൊതു മനസ് സർക്കാരിനൊപ്പം; മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികളിൽ നാടിന്റെ പൊതു മനസ് സർക്കാരിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയെ മറികടക്കുന്ന വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനമാണ് താനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സ്വീകരിച്ചത്. എങ്ങിനെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സിൽവർലൈനിൽ സാമൂഹികാഘാത പഠനം നടക്കുകയാണ്. ആ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. അത് നടത്താൻ കഴിയില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിഷേധാത്മകമാണ്. ആ പഠനം നടക്കട്ടെ എന്ന് സുപ്രീംകോടതി വരെ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഭൂമി എടുക്കേണ്ടി വന്നാൽ, ആവശ്യമായ വലിയ നഷ്ടപരിഹാരമാണ് ഓരോരുത്തർക്കും ലഭിക്കാൻ വേണ്ടി പോകുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് അലൈൻമെന്റിലേക്കുള്ള അവസാന തീരുമാനം എത്തുക. ആ പഠനം നടത്തിയാലേ അതിലേക്ക് എത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം നടത്താൻ വൈകിയതിനാൽ നേരിടേണ്ടി വന്ന വൻ നഷ്ടത്തെക്കുറിച്ച് ചിന്തിക്കണം. ഭൂമി ഏറ്റെടുക്കലിന് നൽകുന്ന നഷ്ട പരിഹാരത്തിന്റെ 25 ശതമാനം കേരളം നൽകേണ്ടി വന്നു. കാലതാമസത്തിന്റെ പിഴയെന്ന മട്ടിൽ അയ്യായിരത്തിൽ പരം കോടി രൂപയാണ് കേരളം വഹിക്കേണ്ടി വന്നത്. ദേശീയപാതയും തീരദേശ ഹൈവേയും മലയോര ഹൈവേയും എല്ലാം നല്ല രീതിയിൽ പശ്ചാത്തല സൗകര്യം ഉണ്ടാക്കും. എറണാകുളം-ബംഗളൂരു വ്യവസായ ഇടനാഴി പോലുള്ള വലിയ പദ്ധതികൾക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായി വലിയ സ്ഥാപനങ്ങൾ വരും. അനേകം പേർക്ക് തൊഴിലവസരം ലഭിക്കും. കൊച്ചി-മംഗലാപരും വ്യവസായ ഇടനാഴിക്കായി കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം-ബേക്കൽ ജലപാത പൂർത്തിയാക്കാ നുള്ള വലിയ ശ്രമം നടക്കുന്നു. വടകരയിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടത്തും പുതിയ കനാൽ വെട്ടേണ്ടി വരും. അറുനൂറോളം കിലോ മീറ്റർ ജലപാത വന്നാൽ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകളെ വലിയ തോതിൽ ആകർഷിക്കാൻ കഴിയും. ജലപാതയിൽ 50 കിലോ മീറ്ററിൽ നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യു വകുപ്പ് മന്ത്രി കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ഡോ. വി. ശിവദാസൻ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.