ബംഗളൂരു: കർണാടകയിൽ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാത്തത് 22063 വിദ്യാർത്ഥികൾ. ഹിജാബ് ധരിച്ചേ സ്‌കൂളിൽ എത്തുമെന്ന് വാശിപിടിച്ച വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാത്തത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാത്തത് കലബുറഗി ജില്ലയിലാണ്. അതേസമയം, പരീക്ഷാ ഹാളിൽ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അദ്ധ്യാപകരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള വീഡിയോ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചത്.
കർണാടകയിൽ മാർച്ച് 28 നാണ് പത്താംക്ലാസ് പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെയാണ് പരീക്ഷ നടക്കുക. 869399 വിദ്യാർത്ഥികളാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ ചൂണ്ടിക്കാട്ടി. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തിൽ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേയാകുന്നില്ലെന്നും കോടതി അറിയിച്ചു.

