തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ ഫയർമാനെതിരെ നടപടി പാടില്ലെന്ന നിലപാട് സ്വീകരിച്ച് കേരള ഫയർ സർവ്വീസ് അസോസിയേഷൻ. മേൽ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയർമാൻമാർ പരിശീലനം നൽകിയതെന്നും ഇവർക്കെതിരെ നടപടി പാടില്ലെന്നും ഫയർ സർവ്വീസ് അസോസിയേഷൻ അറിയിച്ചു. ഫയർ ഫോഴ്സ് മേധാവിയോടും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അസോസിയേഷൻ അറിയിക്കുകയും ചെയ്തു.
എന്നാൽ, മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്നാണ് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് നടപടി. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയത്. അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയായിരുന്നു പരിശീലനം.

