ന്യൂഡല്‍ഹി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതി നിലവില്‍ പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കേന്ദ്രാനുമതി വേണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പദ്ധതിയെ കുറിച്ച് പാര്‍ട്ടി പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയില്‍ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം ഇതുവരെ വ്യക്തതയില്ല. അതിന്മേലുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
യെച്ചൂരിയുടെ വാക്കുകള്‍
‘ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസുമുണ്ടാകണം. തിരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തില്‍ ചേരുകയുള്ളൂ. കേരളത്തില്‍ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ല. പിബിയില്‍ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാന്‍ ശ്രമിക്കും. പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകും. സമിതിയില്‍ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പ്രായ ഇളവു നല്‍കും. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയായതിനാലാണ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്.’

