കൊച്ചി: ഫോറൻസിക് ലാബ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി മുൻ ഡിജിപി ആർ ശ്രീലേഖ. വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് ശ്രീലേഖ വ്യക്തമാക്കി.
അന്വേഷണ സംഘങ്ങൾ തന്നെ പല കേസുകളിലും വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരം കാണാൻ കഴിയൂവെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണെന്നും പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തുവെന്നും ശ്രീലേഖ അറിയിച്ചു.
പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണെന്നും പ്രശ്‌സതരായ പൊലീസിന് അങ്ങനെ കഴിയുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

