മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിലെ കുടുംബത്തിന്റെ വായ്പ ബാധ്യത ഏറ്റെടുക്കുമെന്നും, വസ്തുവിന്റെ പ്രമാണം വീണ്ടെടുത്തു നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫേസ്ബുക് ലൈവില്‍ പറഞ്ഞു.
‘ആ വീടിന് പിന്‍വശത്ത് വാതില്‍ ഇല്ലാത്ത അവസ്ഥയാണ്. അവിടം തുറന്നുകിടക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ ജപ്തിക്കു വന്നപ്പോള്‍ ഒരു കതക് വന്ന് പിടിപ്പിച്ചാണ് അവിടം അടച്ചത്. മാതാപിതാക്കളില്ല, കുട്ടികള്‍ മാത്രമേ ഉള്ളൂവെന്ന് അയല്‍ക്കാര്‍ ജപ്തി ചെയ്യാന്‍ വന്നവരോടു പറഞ്ഞതാണ്. അതു കേള്‍ക്കാതെ ബലമായി പൂട്ടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതരോട് സംസാരിച്ചപ്പോള്‍ നിയമവശം അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാത്രമുള്ള സ്ഥലത്ത് ജപ്തി നടപ്പാക്കുന്നത് നിയമപരമല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. തുടര്‍ന്ന് അവര്‍ വന്ന് തുറന്നുകൊടുക്കാമെന്ന് പറഞ്ഞു. പൊലീസിനോടും ഇക്കാര്യം അവര്‍ പറഞ്ഞു. എന്നാല്‍, ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് എട്ടേമുക്കാലോടെ വാതില്‍ തുറന്ന് കുട്ടികളെ അകത്തു കയറ്റിയത്. ഇതില്‍ ഞാന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല’- അദ്ദേഹം വ്യക്തമാക്കി.

