അണ്ണാ-കലൈജ്ഞർ അറിവാലയം; ഡൽഹിയിൽ പാർട്ടി ഓഫീസ് തുറന്ന് ഡിഎംകെ

ന്യൂഡൽഹി: ഡൽഹിയിൽ പാർട്ടി ഓഫീസ് തുറന്ന് ഡിഎംകെ. ദീൻദയാൽ ഉപാധ്യായ മാർഗിലാണ് ‘അണ്ണാ-കലൈജ്ഞർ അറിവാലയം’ എന്ന പേരിൽ ഡിഎം കെ പാർട്ടി ഓഫീസ് തുറന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഡിഎംകെയുടെ പാർട്ടി ഓഫിസിലെ ലൈബ്രറി ഉദ്ഘാടനം ചെയ്തത്.

നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തി. കോൺഗ്രസിനൊപ്പം നിന്നു പ്രതിപക്ഷനിര ശക്തിപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ഡിഎംകെ. അതിനാൽ തന്നെ ഡിഎംകെ ഡൽഹിയിൽ പാർട്ടി ഓഫീസ് തുറന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

മൂന്ന് ദിവസമാണ് എം കെ സ്റ്റാലിൻ ഡൽഹിയിൽ ചെലവഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം സന്ദർശിച്ചിരുന്നു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ക്രെജ്രിവാളിനെയും അദ്ദേഹം സന്ദർശിച്ചിരുന്നു.