പള്ളിത്തർക്ക വിഷയം; സർക്കാരിന്റെ ഇടപെടൽ ഏകപക്ഷീയമാണെന്ന് ഓർത്തോഡോക്‌സ് സഭ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. പള്ളിത്തർക്ക വിഷയത്തിലെ സർക്കാരിന്റെ ഇടപെടൽ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർത്തോഡോക്‌സ് സഭ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്.

ഓർത്തഡോക്സ് സഭാ പള്ളികളിൽ സർക്കാരിനെതിരെ പ്രതിഷേധ പ്രമേയം വായിച്ചു. സുപ്രിംകോടതി വിധി ഉണ്ടായിട്ടും നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ പൊതുജനാഭിപ്രായം തേടിയത് ഭരണഘടനാ ലംഘനമാണെന്ന് സഭ വിമർശിച്ചു.

ഏകപക്ഷീയമായാണ് സർക്കാർ ജനാഭിപ്രായം തേടുന്നത്. കുത്സിത നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് സഭ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധി പൊതുജനാഭിപ്രായം കൂടി സ്വീകരിച്ച് നടപ്പാക്കാമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്റെ തീരുമാനം. കോടതി നടപടികൾ നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ ജനാഭിപ്രായം തേടുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവുമാണെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. സർക്കാരിന്റെ നീക്കങ്ങൾ ദുരുദ്ദേശപരവും പക്ഷപാതപരവുമാണെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു.