ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5 ശതമാനം മാത്രം; ഇന്ധന വില വർധനവിനെ ന്യായീകരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ ഉണ്ടാകുന്ന വർധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില വർധനവാണ്. എന്നാൽ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധനയെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ തീരുവ കുറച്ചുവെന്നും എന്നാൽ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, രാജ്യത്ത് ഇന്ധന വില വർധന കുതിച്ചുയരുകയാണ്. പെട്രോൾ വില ലിറ്ററിന് 87 പൈസയും ഡീസൽ വില ലിറ്ററിന് 85 പൈസയുമാണ് ഞായറാഴ്ച്ച വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 113.02 രൂപയും ഡീസൽ ലിറ്ററിന് 99.98 രൂപയുമായി.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന്റെ വില 115.01 രൂപയും ഡീസലിന്റെ വില 101.83 രൂപയുമാണ്. 10 ദിവസത്തിനിടയിൽ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.71 രൂപയും ഡീസൽ ലിറ്ററിന് 8.42 രൂപയുടെ വർധനവുമാണ് ഉണ്ടായത്. കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100.18 രൂപയുമാണ് പുതുക്കിയ നിരക്ക്.