കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ഏജന്‍സിയുടെ കത്ത്. സമയം നീട്ടി നല്‍കിയാല്‍ മെയ് പകുതിയോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി അറിയിച്ചു. കെ-റെയില്‍ അധികൃതര്‍ക്കും റവന്യു അധികാരികള്‍ക്കും സംയുക്തമായി സര്‍വേ കല്ലിടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ സാമൂഹികാഘാത പഠനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ മുഖേന റവന്യു വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതില്‍ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ആദ്യം തന്നെ സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, പ്രതിഷേധം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ സമയം നീട്ടി നല്‍കണമെന്നാണ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ വൊളന്ററി ഹെല്‍ത്ത് സര്‍വീസിന്റെ ആവശ്യം.
അതേസമയം, കടുത്ത പ്രതിഷേധം കണക്കിലെടുത്ത് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സര്‍വേ നിര്‍ത്തി വെച്ചു. രാജഗിരി കോളേജ് ഓഫ് സയന്‍സാണ് ഈ ജില്ലകളില്‍ പഠനം നടത്തിയിരുന്നത്.

