കെ-റെയില്‍ പ്രതിഷേധം; പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കും: വി. ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം സംബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. കെ-റെയില്‍ പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാരുമായി ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുന്നതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പരിപാടികള്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും. പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എന്റെ കേരളം പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മെയ് 20 ന് തിരുവനന്തപുരത്താണ് ആഘോഷങ്ങളുടെ സമാപനം.