ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സിപി എഎമ്മിന്റേത്; വി ഡി സതീശൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം ഗൗരവതരമായി അന്വേഷിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ താൽക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോഷ്യൽ എൻജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയൻ നടത്തുന്നത് മതപ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണ് ആലുവയിലെ പരിശീലനമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന് മുൻപും ഈ സംഘടനകൾ പൊലീസിൽ കടന്നുകയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഈ പ്രീണന നയം സി പി എം അവസാനിപ്പിക്കണണെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

സിപിഎമ്മാണ് താക്കോൽ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത്. ഇതോടെ പോലീസിന്റെ ലൈൻ ഓഫ് കൺട്രോൾ നഷ്ടമായി. എല്ലാം പാർട്ടി നേതാക്കൾക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പൊലീസിന് പ്രവർത്തിക്കാൻ കഴിയാതെ വരുന്നതെന്നും ഇത് അപകടകരമായി സ്ഥിതിവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.