റേഷൻ മണ്ണെണ്ണയുടെ വില വർധിക്കും; ലിറ്ററിന് വർധിക്കുക 22 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില വർധിക്കും. ലിറ്ററിന് 22 രൂപയാണ് വർധിക്കുക. ഇനി മുതൽ മണ്ണെണ്ണ ലിറ്ററിന് 81 രൂപയാകും. നിലവിൽ 59 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. എന്നാൽ, ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. എണ്ണകമ്പനികൾ റേഷൻ വിതരണത്തിനായി കെറോസിൻ ഡീലേഴ്സ് അസോസിയേഷന് നൽകിയിരിക്കുന്ന വിലയിലാണ് വർധനവ്.

മത്സ്യ മേഖലയ്ക്ക് ഉൾപ്പെടെ മണ്ണെണ്ണയുടെ വില വർധനവ് വലിയ തിരിച്ചടി ഉണ്ടാക്കും. മറ്റ് നികുതികൾ ഉൾപ്പെടാതെ ലിറ്ററിന് 70 രൂപയിൽ അധികമാണ് മണ്ണെണ്ണയുടെ വില. ഫെബ്രുവരി മാസത്തിലും മണ്ണെണ്ണ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് എട്ട് രൂപയാണ് ഫെബ്രുവരി മാസം വർധിപ്പിച്ചത്. എന്നാൽ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്റ്റോക്ക് ചെയ്തിരുന്നതിനാൽ വർധിച്ച വില ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നില്ല.

അതേസമയം, അനർഹമായി മുൻഗണനാ കാർഡുകൾ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ സർക്കാർ ചുമതലയേറ്റ ശേഷം മാർച്ച് 31 വരെ 1,72,312 പേർ മുൻഗണനാ റേഷൻ കാർഡുകൾ സ്വമേധയാ തിരിച്ചേൽപ്പിച്ചതായും മന്ത്രി പറഞ്ഞു. തിരിച്ചേൽപ്പിച്ചവയിൽ 14,701 എ.എ.വൈ(മഞ്ഞ) കാർഡുകളും 90,798 പി.എച്ച്.എച്ച്(പിങ്ക്) കാർഡുകളും 66,813 എൻ.പി.എസ്.(നീല) കാർഡുകളുമാണുള്ളത്. ഇവയിൽ നിന്ന് 1,53,444 കാർഡുകൾ അർഹരെ കണ്ടെത്തി നൽകി. ഇതിൽ 17,263 എ.എ.വൈ കാർഡുകളും 1,35,941 പി.എച്ച്.എച്ച്. കാർഡുകളും 240 എൻ.പി.എസ്. കാർഡുകളുമുണ്ട്. ഈ സർക്കാർ 1,54,506 പുതിയ റേഷൻ കാർഡുകളും വിതരണം ചെയ്തു.

മാർച്ചിൽ സംസ്ഥാനത്ത് 82.02 ശതമാനം റേഷൻ വിതരണം ചെയ്തു. ഫെബ്രുവരിയിലേതിനേക്കാൾ രണ്ടു ശതമാനം അധികമാണിതെന്നും മന്ത്രി പറഞ്ഞു.