വെർച്വൽ ലൂപ് സംവിധാനം; നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ വേഗത കുറയ്ക്കുന്നവർക്കും പിടിവീഴും

തിരുവനന്തപുരം: റോഡിൽ നിരീക്ഷണ ക്യാമറ ഉണ്ടോയെന്ന് നോക്കി വാഹനത്തിന്റെ വേഗത കുറയ്ക്കുന്നവർക്കും ക്യാമറ ഇല്ലെന്ന് മനസിലായാൽ അമിത വേഗത്തിൽ പായുന്നവർക്കും തിരിച്ചടി. കേരളത്തിലെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെർച്വൽ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. രണ്ട് നിരീക്ഷണ ക്യാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്പ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്ത് അമിത വേഗം കണ്ടെത്തുന്ന രീതിയാണ് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്നത്.

കേന്ദ്ര സർക്കാരിന്റേതാണ് പദ്ധതിയെങ്കിലും ഇത് ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ക്യാമറകളുടെ സാന്ദ്രത കൂടുതലാണെന്നതിനാലാണ് ആദ്യം പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറയിൽ പിടി വീഴും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തുകയും ചെയ്യും. കൊച്ചിയിലെ വെർച്വൽ കോടതിയിലും പിഴ വിവരമെത്തും.

രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ കുറ്റം ആവർത്തിച്ചതായി കണ്ടെത്തും. പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ വാഹന ഉടമയുടെ ലൈസൻസ് തന്നെ സസ്‌പെൻഡ് ചെയ്യും. ഗതാഗത നിയമലംഘനങ്ങളെല്ലാം ഇത്തരത്തിൽ കണ്ടെത്തി അപ്പോൾ തന്നെ ശിക്ഷയും വിധിക്കുന്നതാണ്.