ജയ്പൂര്‍: ഹിന്ദു പുതുവത്സരം ആഘോഷിച്ചു കൊണ്ടുള്ള മോട്ടോര്‍സൈക്കിള്‍ റാലിയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കരോലിയിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്ക്. ജയ്പൂരില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് കരോലി സ്ഥിതിചെയ്യുന്നത്. അക്രമം തടയുന്നതിന്റെ ഭാഗമായി 36പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി ക്രമസമാധാനച്ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാറിയ വ്യക്തമാക്കി. സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അപവാദ പ്രചരണങ്ങള്‍ തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.
ഹിന്ദു പുതുവത്സരത്തിന്റെ ആദ്യദിനം നവവത്സരമായി കൊണ്ടാടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലി മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹത്വാര ബസാറിലൂടെ കടന്നു പോകുമ്പോഴാണ് റാലിയ്ക്ക് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയും, അക്രമികള്‍ മൂന്ന് ബൈക്കുകളും ഏതാനും കടകളും കത്തിക്കുകയും ചെയ്തു. അക്രമങ്ങളില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന ചിലരുടെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികപരമായി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണനരാഷ്ട്രീയമാണ് ഇതിന് കാരണം. ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലിയെ ആക്രമിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.’- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ കല്‍രാജ് മിശ്രയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിജിപി എം.എല്‍. ലാതറും പരസ്പരം ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഏകദേശം 600 പോലീസുകാരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

