കുർബാന ഏകീകരണത്തിൽ മാർപ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ല; അങ്കമാലി അതിരൂപത

കൊച്ചി: കുർബാന ഏകീകരണം നടപ്പാക്കാനുള്ള മാർപ്പാപ്പയുടെ കത്തിൽ നിലപാട് അറിയിച്ച് അങ്കമാലി അതിരൂപത. മാർപ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത അറിയിച്ചു. കത്തിലൂടെയുള്ള ഉത്തരവിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷമം മാർപ്പാപ്പയെ അറിയിക്കുമെന്നും വൈദികർ പ്രതികരിച്ചു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദേശത്തിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈദികർ വ്യക്തമാക്കുന്നത്.

വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം സ്വീകരിക്കുക. ജനാഭിമുഖ കുർബാനയ്ക്കായി വീണ്ടും മാർപ്പാപ്പയെ സമീപിക്കുമെന്നും വൈദികർ മാദ്ധ്യമങ്ങളെ അറിയിച്ചു. അതേസമയം, സിനഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ നടത്തുന്ന സമരം നാൽപ്പത് ദിവസം കഴിഞ്ഞു.

സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ കത്തയച്ചത്. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്നും കത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചത്.

അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് പാപ്പ കത്തയച്ചത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.