കൊച്ചി: അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്‌നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു. റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിക്കുമ്പോഴും മേല്‍ത്തട്ടില്‍ നിന്നുള്ള അനുമതിയോ ഇതിനായി കൃത്യമായ ചട്ടങ്ങളോ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയടക്കം രംഗത്തു വന്നിരുന്നു. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. അഗ്നിരക്ഷാ സേനയുടെ നടപടിക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

