ഇന്ധനവില; ജനങ്ങൾ പൊറുതിമുട്ടിയെങ്കിലും സർക്കാരിന് നേട്ടം, പ്രതിമാസം 46 കോടിയിലേറെ രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിത ആശ്വാസം. പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വരുത്തിയ വില വർദ്ധന ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെങ്കിലും സർക്കാരിന് ഇതൊരു ആശ്വാസമാകുകയാണ്. വില വർധനയിലൂടെ പ്രതിമാസം 46 കോടിയിലേറെ രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് കിട്ടുന്നത്.

സംസ്ഥാന സർക്കാരിന്റെ തനത് നികുതി വരുമാനത്തിന്റെ 40 ശതമാനവും പെട്രോളിലും ഡീസലിലും നിന്നാണ്. പ്രതിമാസം 850 കോടിയോളം രൂപ ഇത്തരത്തിൽ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലെ വിലവർദ്ധനയിലൂടെ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് അധികമായി ചോരുന്നത് 211 കോടി രൂപയാണ്. യുക്രൈനിലെ യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്ന് ബാരലിന് 130 ഡോളറായിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് വില വർധിക്കാനുള്ള പ്രധാന കാരണം.

അടിസ്ഥാന വിലയ്ക്ക് പുറമെ എക്‌സൈസ് ഡ്യൂട്ടി, ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്, സെയിൽസ് ടാക്‌സ്, അഡീഷണൽ സെയിൽസ് ടാക്‌സ്, സോഷ്യൽ സെക്യുരിറ്റി സെസ്, ഡീലർ കമ്മിഷൻ തുടങ്ങിവ ചേർന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലയിലെത്തുന്നത്. കേരളത്തിൽ പെട്രോളിന് 30.08% സെയിൽസ് ടാക്‌സും, ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്‌സും ഒരു ശതമാനം സാമൂഹ്യ സുരക്ഷാസെസും ഈടാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഡീസലിന് 22.76% സെയിൽസ് ടാക്‌സും ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്‌സും ഒരു ശതമാനം സാമൂഹ്യ സുരക്ഷാ സെസും ഉൾപ്പെടെയാണ് വില നിർണ്ണയിക്കുന്നത്. നൂറ് രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് 22.96 രൂപയും, ഡീസലിന് 35.63 രൂപയും കിട്ടും. 116 ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് ഒരു ദിവസം വിറ്റഴിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും അളവ്. ഇതനുസരിച്ച് ഒരു രൂപ ഡീസലിലും പെട്രോളിലും കൂടിയാൽ പോലും ദിവസം 25 മുതൽ 30 ലക്ഷം രൂപ വരെ സംസ്ഥാനത്തിന് അധികമായി ലഭിക്കും.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു രൂപയിൽ കൂടുതൽ വർദ്ധനവുണ്ടായി. ഇതനുസരിച്ച് ദിവസം കുറഞ്ഞത് 1.53 കോടി രൂപയാണ് കേരളത്തിന് അധികമായി ലഭിക്കുന്നത്. കേന്ദ്രം പിരിച്ചെടുക്കുന്ന എക്‌സൈസ് നികുതിയിലെ ഒരു വിഹിതവും സംസ്ഥാനത്തിന് ലഭിക്കുന്നതാണ്.