വണ്ണം കുറയ്ക്കാൻ വേണ്ടി ഡയറ്റും വ്യായാമവുമെല്ലാം പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കാൻ കഴിയും. ഉയർന്ന ഫൈബറും ജലാംശവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ കലോറി കുറവാണ്. നെഗറ്റീവ് കലോറി ഭക്ഷണങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വണ്ണം കുറയ്ക്കാൻ കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തണ്ണിമത്തൻ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ വെള്ളമാണ് ഏറ്റവും കൂടുതലുള്ളത്. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കും.
വെള്ളരിക്ക
100 ഗ്രാമം വെള്ളരിക്കയിൽ 15 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ധാരാളം ജലാംശം വെള്ളരിയിലുണ്ട്. വെള്ളരി കഴിക്കുന്നതിലൂടെ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നതിനൊപ്പം ദാഹം തൃപ്തിപ്പെടുത്താൻ നല്ലതാണ്. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിന്റെ ജലാംശം നിലനിർത്താൻ നല്ലതാണ്.
കാരറ്റ്
100 ഗ്രാം കാരറ്റിൽ 41 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളും കാരറ്റിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ കാരറ്റ് സഹായിക്കും.
തക്കാളി
ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച സ്രോതസ്സാണ് തക്കാളി. 100 ഗ്രാം തക്കാളിയിൽ 19 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റും ധാരാളമായി അടങ്ങിയിട്ടുണ്ട്.

