സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം; എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ച് ഫ്രാൻസിസ് മാർപ്പാപ്പ

കൊച്ചി: സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്ന് കത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചത്.

അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് പാപ്പ കത്തയച്ചത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.