കൊച്ചി: നടൻ ദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ആരംഭിച്ച കേസിലാണ് നടപടി. വധഗൂഡാലോചനക്കേസിൽ തെളിവായാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു നടപടി ക്രമങ്ങൾ.
ഈ കാറിലാണ് 2016 ഡിസംബർ 26-ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽ നിന്ന് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെയാണ് കാറിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചത്.
ആലുവ ആർടി ഓഫീസിലാണ് ഈ വാഹനത്തിന്റെ രജിസ്റ്റ്‌ട്രേഷൻ നടത്തിയത്. കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാൻ കഴിയാത്ത നിലയിലാണ് വാഹനം. അതിനാൽ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തു. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ കാർ ദിലീപിന് തിരികെ നൽകിയത്.

