ന്യൂഡൽഹി: കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കണ്ടെത്താനും ശക്തി തിരിച്ചറിയാനും അവരെ സഹായിക്കണമെന്ന് രക്ഷിതാക്കളോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച അഞ്ചാമത് പതിപ്പിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ശരിയായ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ സ്വന്തം ശക്തി തിരിച്ചറിയുന്നതിന് കുട്ടികൾക്ക് കഴിയൂ. വിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തീരുമാനിക്കുന്നതിൽ പലപ്പോഴും ഒരു ധർമ്മസങ്കടത്തിലാണെന്നും ഇത് ഒരു വിദ്യാർത്ഥിയെ അനന്തമായ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ താൽപ്പര്യങ്ങൾ മനസിലാക്കാനും അവരുടെ ശക്തി തിരിച്ചറിയാൻ അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പ്രചോദനത്തിന് ഒരു കുത്തിവയ്പ്പും ഇല്ലെന്നും നിങ്ങളെ നിരാശരാക്കുന്നത് എന്താണെന്ന് നിങ്ങൾ പഠിക്കണമെന്നും, എങ്ങനെ പ്രചോദിതരായി തുടരാം എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നമ്മളെ തരംതാഴ്ത്തുന്നവരെയും നമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരെയും നമ്മൾ അന്വേഷിക്കണം. പിന്നെ നമ്മളെ പ്രചോദിപ്പിക്കുന്ന ചില പാട്ടുകൾ, പുസ്തകങ്ങൾ, തുടങ്ങിയ കാര്യങ്ങൾക്കായി നോക്കുകയും അവയെ അടുത്ത് നിർത്തുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങൾ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്ന് വിശകലനം ചെയ്യുക. നിങ്ങൾ എങ്ങനെ വായിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു, ഓരോ വിഷയത്തിലും ചെലവഴിച്ച സമയത്തിന്റെ ഫലം എന്താണ്. ചിലപ്പോൾ, നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ കുറച്ച് സമയം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പഠിപ്പിക്കുന്ന മാദ്ധ്യമം പ്രശ്‌നമല്ല. ഓഫ്ലൈനിൽ എന്ത് നടക്കുന്നുവോ അത് ഓൺലൈനിലും സാധ്യമാണ്. മാദ്ധ്യമം പരിഗണിക്കാതെ, നമ്മുടെ മനസ്സ് വിഷയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ, കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

