പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

മലപ്പുറം: പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് ജില്ലാ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലിരിക്കുന്ന തങ്ങൾ കുടുംബാംഗമാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. സാദിഖലി തങ്ങളുടെ സഹോദരനാണ് അബ്ബാസലി തങ്ങൾ.

സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായതിനെത്തുടർന്നാണ് ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് പുതിയ വ്യക്തിയെ തെരഞ്ഞെടുത്തത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങളുടെയും പേരുകളും മലപ്പുറം ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.