തിരുവനന്തപുരം: അവസാന വര്‍ഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ തീരുമാനമായി. വേണ്ടത്ര ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് സര്‍വകലാശാലയുടെ തീരുമാനം. സപ്ലിമെന്ററി പരീക്ഷകള്‍ ഇനി അടുത്ത സെപ്തംബറില്‍ മാത്രമേ നടത്തൂ. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടു.
മതിയായ ക്ലിനിക്കല്‍ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ക്ലിനിക്കല്‍ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം, തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സര്‍വ്വകലാശാല അധികൃതരുടെ പ്രതികരണം.
രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. കൊവിഡ് കാരണം ക്ലിനിക്കല്‍ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് വിദ്യാര്‍ത്ഥികളുടെ പരാതിയുടെ പ്രധാന കാരണം. ഏപ്രില്‍ നാലിനാണ് കോടതി കേസ് പരിഗണിക്കുക

