ഐപിഎല്ലില്‍ പഞ്ചാബിനെ ആറ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14.3 ഓവറില്‍, നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്താണ് കൊല്‍ക്കത്ത വിജയത്തിലെത്തിയത്. 33 പന്തുകള്‍ ശേഷിക്കെയാണ് കെകെആറിന്റെ വിജയം.

31 പന്തുകളില്‍ നിന്ന് 70 റണ്‍സ് എടുത്ത ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. 26 പന്തുകളിലായിരുന്നു റസ്സല്‍ അര്‍ദ്ധ സെഞ്ച്വറി അടിച്ചത്. എട്ട് സിക്‌സറാണ് റസ്സല്‍ പറത്തിയത്. രണ്ടു ഫോറുകളും താരം അടിച്ചു. ഒപ്പം ബാറ്റ് ചെയ്ത സാം ബില്ലിംഗ്‌സ് 23 പന്തുകളില്‍ 24 റണ്‍സ് നേടി. ഓപ്പണര്‍ അജിന്‍ക്യാ രഹാനെ 12 റണ്‍സിനും വെങ്കിടേഷ് അയ്യര്‍ മൂന്ന് റണ്‍സിനും പുറത്തായിരുന്നു. പിന്നാലെ വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 15 പന്തില്‍ 26 റണ്‍സിന് പുറത്തായി. പിന്നാലെ എത്തിയ നിതീഷ് റാണ റണ്‍സ് ഒന്നും നേടാതെ തന്നെ പുറത്തായി. ഇതിന് ശേഷം സാം ബില്ലിംഗ്‌സും ആന്ദ്രെ റസ്സലും ഒന്നിച്ചതോടെ കൊല്‍ക്കത്ത വിജയ കുതിപ്പ് നടത്തുകയായിരുന്നു. റബാദയും, ഒഡിയന്‍ സ്മിത്തും, ചാഹറുമാണ് കെകെആറിന്റെ വിക്കറ്റ് വീഴ്ത്തിയത്. രഹാനെയാണ് റബാദയുടെ പന്തിന് വഴങ്ങിയത്. വെങ്കടേഷ് അയ്യരുടെ വിക്കറ്റാണ് ഒഡിയന്‍ സ്മിത്ത് വീഴ്ത്തിയത്. ശ്രേയസ് അയ്യരുടെയും, റാണയുടെയും വീക്കറ്റാണ് ചാഹര്‍ നേടിയത്.

ടോസ് ലഭിച്ച കൊല്‍ക്കത്ത, പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജ്പക്‌സെയും(31) കഗിസോ റബാദെയും(25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്. ശിഖര്‍ ധവാന്‍(16), ലിയാം ലിവിങ്സ്റ്റണ്(19), രാജ് ബാവ(11), ഹര്‍പ്രീത് ബ്രാര്‍(14) എന്നിവരാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(1), ഷാരൂഖ് ഖാന്‍(0), രാഹുല്‍ ചാഹര്‍(0), അര്‍ഷ്ദീപ് സിംഗ്(0) എന്നിവരാണ് പഞ്ചാബിന്റെ വിജയപ്രതീക്ഷകള്‍ തച്ചുടച്ചത്. ഉമേഷ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ, ഐപിഎല്ലില്‍ പവര്‍പ്ലേ ഓവറുകളില്‍ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ താരമായി മാറി. സഹീര്‍ ഖാന്‍, സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഉമേഷിന് മുന്നിലുള്ളത്.