സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ കൈമാറിയത് സർക്കാർ ഭൂമിയാണോയെന്ന് അന്വേഷിക്കാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. എന്നാൽ, ഹൈക്കോടതി ഉത്തരവിന് എതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ സുപ്രീം കോടതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വേണ്ടി ഹാജരായത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്തത് സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന ആരോപണം പരാതിക്കാർക്ക് പോലും ഇല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കർദിനാളിന് എഴുപത് വയസ് കഴിഞ്ഞു. അന്വേഷണം സ്റ്റേ ചെയ്തില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തേക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ഓഗസ്റ്റിലാണ് ഉണ്ടായതെന്നും കർദിനാൾ അപ്പീൽ ഫയൽ ചെയ്തത് ഫെബ്രുവരിയിൽ മാത്രമാണെന്നും കോടതി പറഞ്ഞു.

കർദിനാൾ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ നടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും നൽകിയ ഹർജികൾക്കൊപ്പം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കർദിനാളിന്റെ ഹർജിയിൽ നൽകിയ നോട്ടീസിൽ എതിർ കക്ഷികളോട് രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.