തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ് വർധിച്ചു. അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനവാണ് ഉണ്ടായിട്ടുള്ളത്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകൾ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വർധിപ്പിച്ചു. ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഇതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയും നടപ്പിലാക്കും. ഈ നീക്കത്തിലൂടെ 200 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. 339 കോടി രൂപ ചിലവിൽ ഡിജിറ്റൽ ഭൂസർവ്വേ പദ്ധതി ഉൾപ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സർക്കാർ നടപ്പിലാക്കി വരികയാണ്.
അതേസമയം, വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു. ന്യായവിലയിൽ പത്തു ശതമാനം വർധനവുണ്ടായതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും. വെള്ളക്കരവും കൂടി. അഞ്ചു ശതമാനമാണ് വർധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വന്നു. രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതിയായിരിക്കും ഈടാക്കുക. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും നിരക്ക് ബാധകമാണ്.

